01:49am 03 June 2026
NEWS
കാന്തപുരവുമായി കൊമ്പുകോർത്ത് സി.പി.എം; അരിവാൾ സുന്നി ബന്ധങ്ങളിൽ വിള്ളൽ വീഴുമ്പോൾ
18/02/2025  07:58 AM IST
പ്രദീപ് ഉഷസ്സ്
കാന്തപുരവുമായി കൊമ്പുകോർത്ത് സി.പി.എം; അരിവാൾ സുന്നി ബന്ധങ്ങളിൽ വിള്ളൽ വീഴുമ്പോൾ

സി.പി.എമ്മും, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുന്നു. സമസ്തയിലെ പിളർപ്പിനുശേഷം ഇടതുപക്ഷ ആഭിമുഖ്യ നിലപാടുകളാണ് കാന്തപുരം വിഭാഗം സമസ്താനേതൃത്വം കൈക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ 'അരിവാൾ സുന്നികൾ' എന്ന വിളിപ്പേരിലാണ് കാന്തപുരം അനുയായികൾ അറിയപ്പെട്ടിരുന്നതും. എന്നാലിപ്പോൾ, മെക്ക്‌സെവൻ വ്യായാമ കൂട്ടായ്മയിൽ, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പങ്കുചേരുന്നത് മതനിഷേധമാണെന്നും, ഈവിധം ഇടപെടലുകൾ അംഗീകരിക്കാൻ കഴിയില്ല എന്ന വാദവുമായി കാന്തപുരം രംഗത്തെത്തിയപ്പോൾ, അതിനെ എതിർത്തുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. അതാണ് ഇപ്പോൾ കാന്തപുരം അനുയായികളെ പ്രകോപിച്ചിരിക്കുന്നത്.

'അന്യപുരുഷന്മാരും, സ്ത്രീകളും ഇടകലർന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾ അവരുടെ ശരീരം പോലും തുറന്നിട്ടുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നു. ഈവിധത്തിൽ സ്ത്രീകളും, പുരുഷന്മാരും ഇടകലർന്നുകൊണ്ടുള്ള ഏത് പദ്ധതികൊണ്ടുവന്നാലും അതിനെ എതിർക്കും; അതിന്റെ പേരിൽ യാഥാസ്ഥിതികർ എന്ന് വിമർശിച്ചാലും പ്രശ്‌നമില്ല..' ഈ വിധത്തിലാണ് മെക്‌സെവൻ വ്യായാമ കൂട്ടായ്മയെ എതിർത്തുകൊണ്ട് കാന്തപുരം അബൂബക്കർ മുസ്ല്യാർ നയം വ്യക്തമാക്കിയത്.

ആധുനികകാലത്ത് സ്ത്രീകളെ പുറംലോകത്തുനിന്ന് അകറ്റിനിർത്താനുള്ള പൗരോഹിത്യവാദമാണ് കാന്തപുരം ഉയർത്തുന്നതെന്ന വിധത്തിൽ, ശക്തമായ പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നുമുയർന്നത്. ഇതിനെ തുടർന്നാണ് എം.വി. ഗോവിന്ദൻമാസ്റ്റർ, കാന്തപുരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്നവാദം പിന്തിരിപ്പൻ നിലപാട് ആണെന്നും ആവിധത്തിൽ ആരെങ്കിലും ശാഠ്യം പിടിച്ചാൽ അത് അംഗീകരിച്ചുതരാനാകില്ലെന്നുമാണ് എം.വി. ഗോവിന്ദൻ  തുറന്നടിച്ചത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തെ അത്യന്തം വൈകാരികമായാണ് എ.പി. വിഭാഗം സമസ്താ നേതൃത്വം ഏറ്റെടുത്തത്. ഇതുസംബന്ധിച്ച് സുന്നി വിശ്വാസികൾക്ക് കർശനനിർദ്ദേശവും എ.പി. വിഭാഗം സമസ്താ മുശാവറ യോഗം നൽകുകയും ചെയ്തു. വ്യായാമത്തിന്റെ പേരിൽ, അന്യപുരുഷന്മാരുടെ മുന്നിലും, ഇടകലർന്നും  സ്ത്രീകൾ അഭ്യാസം നടത്തുന്നത് മതവിശ്വാസത്തിന് ഹാനികരമാണെന്നും, സുന്നി വിശ്വാസികൾ, ഈ വിധം വിഷയങ്ങളിൽ ജാഗ്രത പുലർത്തണമെന്നും, പൂർവ്വിക വിശ്വാസങ്ങളേയും, നയങ്ങളേയും, പിന്തുടർന്ന് ജീവിക്കണമെന്നുമാണ് മുശാവറ യോഗം സുന്നി വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചത്.

കാന്തപുരമാകട്ടെ മറ്റൊരിക്കലും, ഇല്ലാത്തവിധത്തിൽ, സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ സ്വന്തം നാടായ കണ്ണൂരിൽ, ഒരൊറ്റ വനിതാ ഏരിയാസെക്രട്ടറിമാർപോലുമില്ലല്ലോ എന്ന വിധത്തിൽ കാന്തപുരം സി.പി.എം നേതൃത്വത്തെ പരിഹസിച്ചത് പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

കാന്തപുരത്തെ പിന്തുണച്ച്

മുസ്ലീംലീഗ് നേതാവ്

സി.പി.എം- കാന്തപുരം ബന്ധം ഉലഞ്ഞ സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം നടത്തിയത്. മതപണ്ഡിതർ മതവിധികളെക്കുറിച്ച് സംസാരിക്കുമ്പോൾ, സി.പി.എം അതിൽ ഇടപെടുന്നത് എന്തിനാണ് എന്ന ചോദ്യമുയർത്തിയാണ് സലാം, കാന്തപുരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. സി.പി.എമ്മിന്റെ സ്ത്രീപുരുഷ സമത്വവാദം പൊള്ളയാണെന്നും, അടിസ്ഥാനപരമായി സ്ത്രീവിരുദ്ധ സമീപനം തന്നെയാണ് സി.പി.എം നേതൃത്വം കൈക്കൊള്ളുന്നതെന്നാണ് സലീമിന്റെ വാദം. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാനുള്ള സാധ്യതയെപ്പോലും അട്ടിമറിച്ച പാർട്ടിയാണ് സി.പി.എം എന്ന ഗുരുതര ആരോപണവും പി.എം.എ സലാം ഉയർത്തിയിട്ടുണ്ട്. ആവിധത്തിൽ പുരുഷമേൽക്കോയ്മ നിലനിർത്തുന്ന സി.പി.എമ്മിന് സമത്വവാദമുയർത്താൻ എന്താണ് അർഹത എന്നും സലാം ചോദിക്കുന്നുണ്ട്.

കാന്തപുരത്തിന് പിന്തുണ നൽകിക്കൊണ്ട്, സി.പി.എമ്മിനെ ആക്രമിക്കാനുള്ള അവസരമാക്കി ഈ വിവാദത്തെ മാറ്റാനുള്ള നീക്കമാണ് പി.എം.എ സലാം നടത്തിയതെന്ന് വ്യക്തം. കാന്തപുരത്തെ സി.പി.എം വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന വിധത്തിൽ വൈകാരികമായി സമീപിക്കുന്ന എ.പി. വിഭാഗം സുന്നി സമൂഹത്തിന്റെ പിന്തുണ ഏതെങ്കിലും വിധത്തിൽ നേടിയെടുക്കാൻ കഴിയുമോ എന്നാണ് ഈ വിവാദത്തിൽ ഇടപെട്ടുകൊണ്ട് സലാം ശ്രമിക്കുന്നത്.

മുസ്ലീംലീഗിന് ആത്മീയപിന്തുണ നൽകിവന്നിരുന്ന ഇ.കെ. വിഭാഗം സമസ്തയിലെ ഭൂരിഭാഗം നേതൃത്വത്തിനും അണികൾക്കും, പി.എം.എ സലാം സമീപകാലത്ത് നടത്തിയ പല പ്രസ്താവനകളോടും കടുത്ത എതിർപ്പാണുള്ളത്. ഇ.കെ. വിഭാഗം സമസ്തയ്ക്കുള്ളിൽ മുസ്ലീംലീഗ് അനുകൂല ചേരിയും ലീഗ് വിരുദ്ധചേരിയും രൂപം കൊള്ളാൻ പ്രധാന കാരണക്കാരനും പി.എം.എ സലാം തന്നെയായിരുന്നല്ലോ. സമസ്താ നേതൃത്വത്തെ നിരന്തരം വിമർശിച്ചുകൊണ്ട് സലാം നടത്തിയ പ്രസ്താവനകൾ, ലീഗിനുള്ളിലും വലിയ അഭിപ്രായഭിന്നതകൾക്ക് വഴി ഒരുക്കുകയും ചെയ്തിരുന്നു.

ഇ.കെ. വിഭാഗം സമസ്തയിൽ തനിക്കെതിരായ വികാരം രൂക്ഷമാണെന്ന് സലാമിന് നന്നായി അറിയാം. ഈ സാഹചര്യത്തിലാണ് മറുചേരിയിലെ എ.പി. വിഭാഗത്തിന്റെ പരോക്ഷ പിന്തുണ നേടിയെടുക്കുന്നതായി കാന്തപുരത്തെ പിന്തുണച്ചുകൊണ്ട് സലാം രംഗത്തെത്തിയത്. അതേസമയം പി.എം.എ സലാം കൈക്കൊണ്ട നിലപാടുകളെ ലീഗ് നേതൃത്വം പൂർണ്ണമായും അംഗീകരിച്ചിട്ടുമില്ല.

പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പ്രവർത്തിക്കുന്നത് ശരിയല്ലെന്ന വാദത്തെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. വ്യായാമ പരിശീലനത്തിൽ സ്ത്രീയും പുരുഷനും ഒരുമിച്ച് ഇടപഴകുന്നു എന്ന ആരോപണം ഉയർത്തിയാണ് കാന്തപുരം രംഗത്ത് വന്നതെങ്കിലും, ഏത് മേഖലയിലും, സ്ത്രീയും പുരുഷനും, ഒരുമിച്ച് പ്രവർത്തിക്കുന്നത് മതനയത്തിന് എതിരാണ് എന്നാണ് മതവിധി എന്നവിധത്തിലാണ്, കാന്തപുരം വിഭാഗത്തിലെ പല മതപണ്ഡിതന്മാരും വ്യാപകമായി ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ നിലപാടിനെ രാഷ്ട്രീയമായി അംഗീകരിക്കാൻ മുസ്ലീംലീഗിന് കഴിയുകയുമില്ല. മാത്രവുമല്ല, വ്യായാമപദ്ധതിയായ മാക്‌ഡെവനെ മുസ്ലീംലീഗ് നേതൃത്വം ഇതുവരെയും തള്ളിപ്പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിൽ, സി.പി.എമ്മിനെതിരായ ആയുധമായിക്കണ്ട്, കാന്തപുരത്തിന് പിന്തുണയുമായി ലീഗ് ജനറൽ സെക്രട്ടറി രംഗത്തെത്തിയത് എടുത്തുചാട്ടമായിപ്പോയി എന്ന വിമർശനമാണ് വലിയ വിഭാഗം ലീഗ് നേതാക്കളും മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം, കാന്തപുരത്തിന് പിന്തുണ നൽകുകയും, സി.പി.എം  നേതൃത്വത്തെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിലൂടെ, കാന്തപുരം അനുയായികളുടെ പിന്തുണ യു.ഡി.എഫിന് അനുകൂലമായി മാറ്റാനുള്ള വിദഗ്ദ്ധ നീക്കമാണ് സലാം നടത്തിയതെന്ന് വാദിക്കുന്നവരും ലീഗ് നേതൃത്വത്തിൽ ഉണ്ട്. ഇടതുചേരിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന പല കാന്തപുരം അനുയായികളും എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണത്തോടെ മാറിച്ചിന്തിക്കുന്നു എന്നതും കാണേണ്ടതുണ്ട്.

കാന്തപുരത്തെ ന്യായീകരിച്ച്

ഇ.കെ. സമസ്തയും

അതേസമയം, കാന്തപുരത്തിന്റെ നിലപാടുകളെ നിരന്തരം വിമർശിച്ച് വന്നിരുന്ന, എതിർചേരിയിലെ ഇ.കെ. വിഭാഗം സമസ്താ നേതാക്കൾ ഇപ്പോൾ കാന്തപുരത്തിന് പിന്തുണ നൽകിയും, സി.പി.എമ്മിനെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. സമീപകാലത്ത് പല സംഭവവികാസങ്ങളും മുസ്ലീംലീഗിനെതിരെയും, സി.പി.എമ്മിന് അനുകൂലമായും പ്രതികരിച്ചിട്ടുള്ള ഇ.കെ വിഭാഗം നേതാക്കളാണ്, കാന്തപുരം വിഷയത്തിൽ സി.പി.എമ്മിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി എന്നതാണ് ഏറെ ശ്രദ്ധേയം.

ഇ.കെ വിഭാഗം സമസ്തയിലെ പരിഷ്‌ക്കരണവാദ നീക്കങ്ങളുടെ മുൻനിരയിലുള്ള സത്താർ പന്തല്ലൂർ സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. മതപണ്ഡിതർ, മതവിധി പറയുന്നത് മതവിശ്വാസികളോട് ആണെന്നും, അതിൽ മതനിഷേധികൾ അഭിപ്രായം പറയേണ്ടതില്ലെന്നുമാണ് ഇടത് നേതൃത്വത്തിനുള്ള മറുപടി എന്ന നിലയിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സത്താർ പന്തല്ലൂർ തുറന്നടിച്ചത്.

ഇസ്ലാമിലെ സ്ത്രീകളും പുരുഷന്മാരും എങ്ങനെ ജീവിക്കണമെന്ന്, ഇസ്ലാമിക പണ്ഡിതന്മാർ പറയുമെന്നാണ് ഇ.കെ വിഭാഗം നേതാവും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായിയും തുറന്നടിച്ചിരിക്കുന്നത്. ഒരു വിഷയത്തിലെ പിന്തിരിപ്പും, പരിഷ്‌കൃതവും തീരുമാനിക്കുന്നത് കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ നരബാധിച്ച രാഷ്ട്രീയകൊടിമരങ്ങളല്ലെന്ന വിമർശനവും സി.പി.എമ്മിനെ ലക്ഷ്യമിട്ട് നാസർ ഫൈസി നടത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. 'പുരോഗമന രാജ്യങ്ങൾ ജൻഡർ ന്യൂട്രാലിറ്റി വലിച്ചെറിയുമ്പോൾ, ഇസ്ലാമിക ലിംഗവിവേചനമല്ല, വിവഛേദമാണെന്ന് ലോകം തിരിച്ചറിയുന്നു' -ഈ വിധത്തിലാണ് നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് എതിരായ പ്രതിഷേധമാണെങ്കിലും, എതിർചേരിയിലെ കാന്തപുരത്തിന് പിന്തുണ നൽകിക്കൊണ്ട് ഇ.കെ. സമസ്താനേതാക്കൾ വന്നതിലൂടെ, മതപൗരോഹിത്യവാഴ്ചയെ എതിർക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന സന്ദേശം തന്നെയാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്.

മുസ്ലീം സമുദായത്തിലെ പ്രബല വിഭാഗമാണ് സുന്നി വിശ്വാസികൾ. കാന്തപുരത്തിന്റെ നിലപാടിനെതിരെ പ്രതികരിച്ചതോടെ ഭിന്നചേരിയിൽ നിന്നിരുന്ന ഇരുസുന്നിവിഭാഗവും ഈ വിഷയത്തിൽ ഒരേവികാരമാണ് മുന്നോട്ടുവയ്ക്കുന്നത്. മതപൗരോഹിത്യത്തിന്റെ അപ്രമാദിത്വമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നതെങ്കിലും, ഇവരെ പിന്തുണയ്ക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തിൽ തിരിച്ചടിയുണ്ടാക്കാനുള്ള സാധ്യതകൾ സി.പി.എം നേതൃത്വവും തിരിച്ചറിയുന്നുണ്ട്. കാന്തപുരത്തിനെതിരെ ഗോവിന്ദൻ മാസ്റ്റർ നടത്തിയ പ്രതികരണത്തെക്കുറിച്ച് സി.പി.എമ്മിലും അഭിപ്രായവ്യത്യാസങ്ങൾ ശക്തമാകുന്നുണ്ട്. കാന്തപുരം നടത്തിയത് കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവന ആയിരുന്നുവെന്നും, ആധുനിക കാലത്തിന് യോജിക്കാത്ത ഈവിധം പ്രതികരണങ്ങൾക്ക് എതിരെ പ്രതികരിക്കുകതന്നെ വേണമെന്ന നിലപാടാണ് ബഹുഭൂരിക്ഷം സി.പി.എം നേതാക്കൾക്കുമുള്ളത്. അതേസമയം, പ്രായോഗിക രാഷ്ട്രീയ വിഷയമാകുമ്പോൾ, കാന്തപുരത്തെപ്പോലെ പ്രബലനായ ഒരു ആത്മീയ പണ്ഡിതനെ പിണക്കാൻ പാടില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നവരും, സി.പി.എം നേതൃത്വത്തിൽ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.

എ.പി. വിഭാഗം സുന്നി സമൂഹത്തിൽ കാന്തപുരത്തിനുള്ള സ്വാധീനം ഒരു രാഷ്ട്രീയ യാഥാർത്ഥ്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ രൂപം കൊണ്ടിരിക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ എത്രയും വേഗം രമ്യമായി പരിഹരിക്കണമെന്ന വികാരമാണ് സി.പി.എം നേതൃത്വത്തിനുമുള്ളത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയ സാഹചര്യത്തിൽ കാന്തപുരം അനുയായികളെ പിണക്കിയാൽ, വലിയ തിരിച്ചടികൾക്ക് കാരണമാകാനുള്ള സാധ്യതയും സി.പി.എം നേതാക്കൾ നിരീക്ഷിക്കുന്നുമുണ്ട്.

അതുകൊണ്ടുതന്നെ ഏത് വിധേനയും കാന്തപുരത്തെ അനുനയിപ്പിക്കാനും, ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ, പ്രശ്‌നപരിഹാരം കണ്ടെത്താനുമുള്ള നീക്കങ്ങൾ ആണ് സി.പി.എമ്മിനുള്ളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img